Monday 20 January 2020

ബംഗാളി അഭയാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി


"ബംഗാളി അഭയാർത്ഥികളിൽ വലിയൊരു വിഭാഗത്തെ ഈ രാജ്യത്തെ പൗരന്മാരായി സ്വീകരിക്കണം എന്ന ന്യായമായ അവരുടെ അവകാശം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിലേയ്ക്ക് ഈ സമ്മേളനം കേന്ദ്രസർക്കാരിന്റെ ശ്രദ്ധക്ഷണിക്കുന്നു. മുൻപ് കിഴക്കൻ പാകിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന അവരുടെ രാജ്യമായ ഇന്നത്തെ ബംഗ്ലാദേശിൽ നിന്നും പാലായനം ചെയ്യേണ്ടിവന്നവരാണ് അവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ഈ അഭയാർത്ഥികളിൽ വളരെയധികം ആളുകൾ നാമശൂദ്ര (Namasudra) എന്ന പട്ടികജാതി വിഭാത്തിൽ പെടുന്നവരാണ്.

പൗരന്മാർക്ക് തിരിച്ചറിയൽ രേഖയായ ആധാർ നൽകുന്നതിനുള്ള പദ്ധതിയിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കിയത് അവരുടെ സുരക്ഷിതത്വം മുൻപ് എന്നത്തേക്കാളും കൂടുതൽ അപകടത്തിൽ ആക്കിയിരിക്കുന്നു എന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. ചരിത്രപരമായ സാഹചര്യങ്ങളുടെ ഇരകളായ ഈ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഭേദഗതികൾ ഉണ്ടാകണമെന്ന ആവശ്യത്തെ പാർലമെന്റിൽ 2003-ൽ നടന്ന പൗരത്വ നിയമ ഭേദഗതി ചർച്ചകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിൽ പെടുന്ന രാഷ്ട്രീയ കക്ഷികളും പിന്തുണച്ചിട്ടുള്ളതാണ്. എന്നിട്ടും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം അവരെ അനധികൃത കുടിയേറ്റക്കാർ ആയിട്ടാണ് കാണുന്നത്. അവരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്ത സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന അഭയാർത്ഥികൾക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ പൗരത്വ നിയമത്തിന്റെ ക്ലോസ് 2(i)(b)യിൽ ഭേദഗതികൾ വരുത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഇത് നടപ്പിലാക്കുന്നത് അസാമിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നടപ്പാക്കിയ ആസാം അക്കോഡ് സംരക്ഷിക്കുന്ന രീതിയിൽ ആകണം. പാർലമെന്റിന്റെ വരാനിരിക്കുന്ന ബഡ്ജസ്റ്റ് സെഷനിൽ തന്നെ കേന്ദ്രസർക്കാർ ഈ ഭേദഗതി കൊണ്ടുവരണം എന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഈ വിഭാഗങ്ങളുടെ ന്യായമായ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനു സി പി ഐ (എം) അതിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു."



അവസാനത്തെ വാചകം വായിക്കുന്നതു വരെ നിങ്ങൾക്ക് ഇതെന്താണെന്നത് വ്യക്തമായിക്കാണില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. അവസാനത്തെ വാചകം വായിച്ചപ്പോൾ നിങ്ങൾ കുറച്ചു പേരെങ്കിലും അമ്പരന്നിട്ടുണ്ടാകും. ങേ! സി പി മ്മോ എന്ന്. ഇപ്പോൾ ഇതേ ഭേദഗതികൾ ഉൾപ്പെടുന്ന 2019 -ലെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്യുന്ന സിപിഎം തന്നെ ആണോ ഈ പ്രമേയം പാസാക്കിയതെന്ന്. അതെ, അതേ സിപിഎം തന്നെ പാസാക്കിയ പ്രമേയം ആണ് ഇത്. എന്ന് എന്നതാണ് നിങ്ങളുടെ ചോദ്യമെങ്കിൽ അതിനുള്ള ഉത്തരം 2012 ഏപ്രിൽ 4 മുതൽ 9 വരെ കോഴിക്കോട് വച്ച് നടന്ന സിപിഎമ്മിന്റെ ഇരുപതാം പാർടി കോൺഗ്രസ്സിൽ അവതരിപ്പിച്ച് പാസാക്കിയ പ്രമേയത്തിന്റെ മലയാള പരിഭാഷയാണ് മുകളിൽ നിങ്ങൾ വായിച്ചത്. ഈ കാലഘട്ടത്തിൽ ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ ആയിരുന്നു. 2003-ൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയ അവസരത്തിൽ മുതൽ അല്ലെങ്കിൽ അതിനും വളരെ മുൻപ് മുതൽ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടിരുന്നതാണ് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മതത്തിന്റെ പേരിൽ പീഡനം സഹിക്കാനാവാതെ പാലായനം ചെയ്ത അഭയാർത്ഥികളായി ഇന്ത്യയിൽ വന്ന അവിടങ്ങളിലെ ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകണം എന്നത്. ആ ആവശ്യം ഇപ്പോൾ 2019ലെ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ അവർ തന്നെ അതിനെ എതിർക്കുന്നത് അന്ധമായ ബിജെപി വിരോധം കൊണ്ട് മാതമാണ്. അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആലംബഹീനരായ വലിയൊരു വിഭാഗത്തിനു തുറന്നു കിട്ടുന്ന രക്ഷാമാർഗ്ഗത്തെ ആണ്. ഈ രാജ്യങ്ങളിൽ നിന്നുവന്ന  ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന ഈ മനുഷ്യരിൽ വലിയൊരു വിഭാഗം പട്ടികജാതിക്കാർ ആണെന്ന് CPI(M) തന്നെ സമ്മതിക്കുന്നു. ഈ വിഭാഗങ്ങൾ എന്തുകൊണ്ട് പാകിസ്ഥാനിൽ പെട്ടുപോയി എന്നാണ് ചോദ്യമെങ്കിൽ അത് പാക്സർക്കാർ തന്നെ വിഭജനകാലത്ത് ഇവരെ തടഞ്ഞതുകൊണ്ടാണെന്നാണ് മറുപടി. "എല്ലാവരും തിരിച്ചു പോയാൽ നമ്മുടെ കക്കൂസുകൾ പിന്നെ ആര് വൃത്തിയാക്കും" എന്നാണ് അന്നത്തെ പാക്പ്രധാനമന്ത്രി ചോദിച്ചത്. അത്രയും നരകതുല്ല്യമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ട് ഈ രാജ്യത്ത് അഭയം തേടി ഇവിടെയും ടെന്റുകളിലും മറ്റും യാതനകൾ സഹിച്ച് ദശാബ്ദങ്ങളായി ജീവിക്കുന്ന വലിയൊരു വിഭാഗം അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം കിട്ടാനുള്ള ഒരു സാഹചര്യം വരുമ്പോൾ ഈ പാർട്ടികൾ അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്?
#SupportCAA #IndiaSupportCAA

No comments:

Post a Comment

Please share your comments and feedback about this post