Sunday 15 March 2020

ഡൽഹി കലാപം രാജ്യസഭയിൽ അമിത് ഷായുടെ മറുപടി

ഡൽഹി കലാപത്തെ കുറിച്ച് 12/03/2020നു രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിക്കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.

ഈ സഭ ഡൽഹിയിൽ അടുത്ത സമയത്ത് ഉണ്ടായ വർഗ്ഗീയ കലാപത്തിൽ ആ സമയത്തെ ക്രമസാധന നിലയെ കുറിച്ച് ചർച്ച ചെയ്യുക ആണ്. ചർച്ച ആരംഭിച്ചു കൊണ്ട് സംസാരിച്ചത് ശ്രീ കപിൽ സിബിൽ ആണ്. തുടർന്ന് ശ്രീ ഡെറിക് ഒബ്റോയ്, ശ്രീ ബാലസുബ്രഹ്മണ്യം,ശ്രീ  ജാവേദ് അലി ഖാൻ, ശ്രീ പ്രസന്ന് ആചാര്യ, ബൃന്ദാ പ്രകാശ്, ശ്രീ കരീം, ശ്രീ തിരുച്ചി ശിവ, ശ്രീ തപൻദാസ് ഗുപ്ത, ശ്രീ നരേഷ് ഗുജ്‌രാൾ, ശ്രീ അശോക് സിദ്ധാർത്ഥ്,   ശ്രീ ആനന്ദ് ശർമ്മ, ശ്രീ വിജയ് ഗോയൽ, ശ്രീ മനോജ് ഝാ, ശ്രീ സഞ്ജയ് സിങ്, ശ്രീ പ്രകാശ് ജാവഡേക്കർ, ശ്രീ അബ്ദുൾ വഹാബ്, മുതിർന്ന അംഗം ശ്രീ വൈക്കൊ, ശ്രീ ഭൂപേന്ദ്ര യാദവ്, ശ്രീ ബിനോയ് വിശ്വം,  ശ്രീ അമർ പട്നായക് എന്നിവർ ഈ ചർച്ചയെ അർത്ഥപൂർണ്ണമാക്കുന്നതിനു തങ്ങളുടെ നിർദ്ദേശങ്ങൾ ഈ സഭയിൽ, ഈ സഭയിലെ അംഗങ്ങളിലൂടെ രാജ്യത്തിനു മുൻപാകെ വയ്ക്കുന്നതിനുള്ള ശ്രമം നടത്തി. 

ആദ്യമായി ഞാൻ ഏറ്റവും ദൗർഭാഗ്യപൂർണ്ണമായ  ഈ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ, സ്വത്ത് നഷ്ടപ്പെട്ടവർ, മുറിവേറ്റവർ എന്നിവരോടെല്ലാം എന്റെ വ്യക്തിപരമായ പേരിലും സർക്കാരിന്റെ പേരിലും ഉള്ള അനുശോചനം ഈ സഭയിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. കൂടാതെ കലാപത്തിൽ ഏർപ്പെട്ടവർ, കലാപത്തിനു കാരണമായവർ, കലാപത്തിനുള്ള ഗൂഢാലോചന നടത്തിയവർ, അവർ ഏത് ജാതിയിൽ പെട്ടവരായാലും ഏത് വിശ്വാസത്തിൽ പെട്ടവരായാലും ഏത് പാർട്ടിയിൽ പെട്ടവരായാലും അവരെ വെറുതെ വിടുകയില്ലെന്ന് ഈ സഭയ്ക്കും സഭയിലൂടെ ഈ രജ്യത്തെ ജങ്ങൾക്കും ഉറപ്പു നൽകുന്നു. കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവർ ആരായാലും അവരെ സമഗ്രമായ ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തോടെ കോടതിയുടെ മുൻപിൽ എത്തിക്കുകയും, കോടതികൾ അവരെ ശിക്ഷിക്കുന്നത് വരെ അന്വേഷണ ഏജൻസികൾ ഗൗരവമായും വിട്ടിവീഴ്ച ഇല്ലാതെയുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ഭരണഘടനയേയും ഐപിസിയേയും സിആർപിസിയേയും കുറിച്ചുള്ള ഭയം ഇത്തരം കലാപങ്ങൾ ഉണ്ടാക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും അവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്നതിനു ഇത്തരം ഒരു നടപടി ആവശ്യമാണ്. 

ഞാൻ എല്ലാ അംഗങ്ങളുടേയും പ്രസംഗം കേട്ടിട്ടുണ്ട്. അതിൽ മിക്കവാറും എല്ലാ അംഗങ്ങളും ഉന്നയിച്ച ഒരു ചോദ്യം ഈ വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിൽ സർക്കാർ എന്തുകൊണ്ട് ഇത്രയും കാലതാമസം വരുത്തി എന്നതാണ്. ഇരുപത്തി അഞ്ചാം തീയതി കലാപങ്ങൾ അവസാനിച്ചു. രണ്ടാം തീയതി മുതൽ സഭ സമ്മേളനം ആരംഭിച്ചു. എന്തുകൊണ്ട് അടിയന്തിരമായി ഈ വിഷയം ചർച്ചയ്ക്ക് എടുത്തില്ല? അത് ചോദിക്കാൻ അവർക്ക് അവകാശം ഉണ്ട്. ആ ചോദ്യത്തിനു ഉത്തരം നൽകേണ്ടത് എന്റെ കടമയാണ് ചുമതലയാണ്. ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു. കലാപത്തെ കുറിച്ചുള്ള ആദ്യവിവരം പുറത്തുവരുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്. അവസാനത്തെ വിവരം ഇരുപത്തി അഞ്ചാം തീയതി രാത്രി പതിനൊന്ന് മണിയ്ക്കാണ്. സിബിൽ സാഹബ് ഈ വിഷയം ഉന്നയിച്ചുട്ടുണ്ട് അതിനു ഞാൻ പിന്നീട് മറുപടി നൽകുന്നതാണ്. എന്നാൽ രേഖകളെ അടിസ്ഥാനമാക്കി ഞാൻ പറയുന്നത് ഇരുപത്തി ആറിനു രാത്രി 11 മണിയ്ക്കാണ് അവസാനത്തെ വിവരം വന്നിട്ടുള്ളത്. രണ്ടാം തീയതി സഭ ആരംഭിക്കുമ്പോൾ കലാപങ്ങൾ അവസാനിച്ചിരുന്നു. കലാപങ്ങളെ തുടർന്ന് റോഡുകൾ ശുചിയാക്കുക, കലാപബാധിതരുടെ പുനഃരധിവാസം നടത്തുക എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആലോചിച്ചു വരുകയായിരുന്നു. കലാപം നടന്നുകൊണ്ടിരിക്കുകയും, അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരിലെങ്കിലും നിന്നും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു എങ്കിൽ ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യുമായിരുന്നു. എന്നാൽ കലാപം അവസാനിച്ചിരുന്നു, പോലീസുകാർ കലാപത്തിൽ പങ്കെടുത്തവരേയും അതിനുള്ള ഗൂഢാലോചന നടത്തിയവരേയും കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. ഡോക്ടർമാർ പരിക്കേറ്റവരെ പരിചരിക്കുന്ന തിരക്കിൽ ആയിരുന്നു, കൂടാതെ  ഹോളിയുടെ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഹോളിയുടെ സമയത്ത് ഈ രാജ്യത്ത് മുൻപ് പലപ്പോഴും കലാപങ്ങൾ ഉണ്ടായിട്ടൂണ്ട്. ഹോളി സാഹോദര്യത്തിന്റേയും ഉത്സവമാണ്. അതുകൊണ്ട് ഹോളിയുടെ സമയത്ത് ഒരു ഭാഗത്തു നിന്നും വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന പ്രസ്താവനകൾ, നടപടികൾ ഒന്നും ഉണ്ടാവാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് മാത്രമാണ് പതിനൊന്നും പന്ത്രണ്ടും തീയതികളിൽ ഈ വിഷയം രണ്ട് സഭകളിലും ചർച്ചചെയ്യാം എന്ന് ഞങ്ങൾ പറഞ്ഞത്. പതിനൊന്നാം തീയതി ലോക്സഭയിൽ ചർച്ചചെയ്യാം പന്ത്രണ്ടാം തീയതി രാജ്യ സഭയിൽ ചർച്ചചെയ്യാം.  അല്ലാതെ ഇതിനു പുറകിൽ ചർച്ചയിൽ നിന്നും ഒളിച്ചോടാനുള്ള ഒരു തന്ത്രവും ഉണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല.  കാരണം ഈ വിഷയം സഭയിൽ ചർച്ച ചെയ്യണം എന്നത് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. സഭ എപ്പോളാണോ ചേരുന്നത് ആ സമയത്ത് ഈ വിഷയം ചർച്ചചെയ്യുന്നതിനും ഞങ്ങൾ ബഹുമാനപ്പെട്ട സ്പീക്കർ മുഖാന്തരം പാർലമെന്റിന്റെ കാര്യോപദേശകസമിതിയിലും സർവ്വകക്ഷി നേതാക്കളുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിലും നിർദ്ദേശം വച്ചിരുന്നു. അതുകൊണ്ട് ഈ ചർച്ച നടത്തുന്നതിൽ ഞങ്ങൾ മനഃപൂർവ്വമായ കാലവിളംബം വരുത്തി, ഞങ്ങൾക്ക് എന്തൊക്കയോ മറക്കാനുണ്ടായിരുന്നു എന്നൊക്കെ ഉള്ള സന്ദേഹം ഒരു തരത്തിലും ഉണ്ടാകരുത്. അങ്ങനെ ഒന്നും ഇല്ല. ജനാധിപത്യത്തിൽ ഭാരതത്തിൽ നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ ഒരു കാര്യവും ആരിൽ നിന്നും മറച്ചു വയ്ക്കാൻ സാധികില്ല.കുറഞ്ഞപക്ഷം എന്തെങ്കിലും മറയ്ക്കണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കില്ല എന്ന പൂർണ്ണ ബോധ്യം എനിക്ക് ഉണ്ട്. അതുകൊണ്ട് ആരിൽ നിന്നെങ്കിലും ഒളിച്ചോടണം എന്ന് പ്രശ്നം ഉദിക്കുന്നില്ല. കലാപം വീണ്ടും ഉണ്ടാകാതിരിക്കുന്നതിനും, കലാപകാരികളെ പിടികുന്നതിനു പോലീസിന്റെ ശ്രദ്ധ പൂർണ്ണമായും ആ വിഷയത്തിൽ ആവശ്യമായതിനാലും കലാപത്തിൽ അകപ്പെട്ടവരുടെ ചികിത്സയ്ക്കും പുനഃരധിവാസം പെട്ടന്ന് സാധ്യമാക്കുന്നതിനു സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നതു കൊണ്ടും അല്പം സമയം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചർച്ചകൾ അല്പം നീട്ടിവച്ചത്.

രണ്ടാമത്തെ പ്രധാന പ്രശ്നം ഉന്നയിച്ചത് കലാപം നടക്കുമ്പോൾ അത് ഇല്ലാതാക്കാൻ സർക്കാർ എന്തു ചെയ്തു എന്നതാണ്? ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം കുറ്റക്കാരാക്കുമോ? നിരപരാധികളായവരെ കുടവാളികൾ ആക്കുമോ? നിങ്ങൾക്ക് ശത്രുതയുള്ളവർക്കെതിരെ നടപടി ഉണ്ടാകുമോ? ഇങ്ങനെ പല വിധത്തിലും ഉള്ള ആശങ്കകൾ സഭാംഗങ്ങളുടെ ഭാഗത്തു നിന്നും ഉന്നയിക്കപ്പെട്ടു. ആദ്യമായി ഇതുവരെ എടുത്ത നടപടികൾ അംഗങ്ങളുടെ മുൻപാകെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. കലാപങ്ങൾക്ക് ശേഷം ഇതുവരെ എഴുന്നൂറിൽ അധികം എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ആരെല്ലാം പരാതി നൽകിയിട്ടുണ്ടോ അതിലെല്ലാം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് ഒരു എതിർപ്പും പറഞ്ഞിട്ടില്ല. കപിൽ സിബിൽ ഒരു എൺപതാം നമ്പർ എഫ് ഐ ആറിനെ പറ്റി ഇവിടെ പരാമർശിച്ചു. ഒരു പാട് സ്റ്റേഷനുകൾ ഉണ്ട്. ഏത് സ്റ്റേഷനിലെ എൺപതാം നമ്പർ എഫ് ഐ ആർ ആണ് എന്നത് അന്വേഷിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ ഞാൽ കപിൽ സിബിൽ സാഹബിനെ വ്യക്തിപരമായി അറിയിക്കുന്നതാണ്. എന്നാൽ ചില എഫ് ഐ  ആറുകളിൽ സാക്ഷി മൊഴിഎടുക്കാൻ ആളെ വിളിപ്പിക്കുമ്പോൾ അവരും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും അത്തരം പരാതികൾ എല്ലാം ഒരുമിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. കാരണം ഒരു കുറ്റകൃത്യത്തിനു എഫ് ഐ ആർ രജിസ്റ്റർ ചെയ്താൻ അതേ കുറ്റത്തിൽ വേറെ വകുപ്പുകൾ ചേർക്കണമെന്നു കണ്ടാൽ അത് ചെയ്യുക അല്ലാതെ ഒരേ കുറ്റത്തിൽ മറ്റൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ എല്ലാ സാക്ഷിമൊഴികളും എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പന്ത്രണ്ട് പോലീസ് സ്റ്റേഷനുകൾക്കും ഓരോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ വീതം ഞങ്ങൾ നിശ്ചയിച്ചിട്ടുമുണ്ട്.അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പോലീസ് നടപടികൾ സ്വീകരിക്കും. എഴുന്നൂറിൽ അധികം പ്രഥമ വിവര റിപ്പോർട്ടുകൾ തയ്യാറുക്കുന്ന ജോലി പോലീസ് ചെയ്തിട്ടുണ്ട്, അതിൽ വളരെ വേഗത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്. ആകെ 2647 പേരുടെ കസ്റ്റഡിയും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ രീതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിച്ചതിന്റെ അടുത്ത ദിവസം തന്നെ പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും കലാപത്തിന്റെ ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ അവരുടെ പക്കൽ ഉണ്ടെങ്കിൽ അത് പോലീസിന്റെ ഒരു ഇമെയിൽ അഡ്രസ്സിൽ / വാട്ട്സ് അപിൽ അയച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എല്ലാവരുടേയും പക്കൽ നിന്നും, മാദ്ധ്യമങ്ങളിൽ നിന്ന്, പൊതുജനങ്ങളിൽ നിന്നും, സാമൂഹ്യ സേവകരിൽ നിന്ന് ഒക്കെയായി വളരെയധികം ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളിലായി ഈ ദൃശ്യങ്ങൾ എല്ലാം വിശദമായി ഡൽഹി പോലീസ് ആസ്ഥാനത്ത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ വളരെ വലിയ ശാസ്ത്രീയമായ തെളിവുകൾ നമുക്ക് ലഭിക്കുകയാണ്. ഞാൻ ഇന്നലെ പറഞ്ഞ മുഖം തിരിച്ചറിയുന്നതിനു നമ്മൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ആളുകളുടെ സ്വകാര്യത ഹനിക്കുന്നതാണെന്ന്  ശ്രീ ഒബ്റോയ് ആശങ്ക അറിയിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയെ ഞാൻ വളരെ മാനിക്കുന്നു. ഇതിൽ നമ്മൾ ആധാർ ഡാറ്റ ഉപയോഗിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ കൊണ്ട് ഏതോ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതാണ്. ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ ഡികാർഡ് എന്നിവയുടെ ഡാറ്റ ആണ് ആളുകളെ തിരിച്ചറിയാൻ നമ്മൾ ഉപയോഗിക്കുന്നതെന്ന് സഭയിൽ ഞാൻ ഇന്നലെ വ്യക്ത്മാക്കിയതാണ്. കുറച്ചു പേരുടെ ജീവൻ നഷ്ടപ്പെട്ടു, കുറെ ആളുകൾക്ക് അംഗഭംഗം സംഭവിച്ചു, കുറെ ആളുകളുടെ ജീവനോപാധികൾ നഷ്ടമായി,  അപ്പോളും നമ്മൾ ചിലരുടെ സ്വകാര്യതയെ കുറിച്ചാണോ പറയേണ്ടതെന്ന് വിനയപൂർവ്വം ഈ സഭയെ ഓർമ്മിപ്പിക്കുന്നു. ഈ കലാപം ഉണ്ടാക്കിയവരെ കോടതിമുൻപാകെ ഹാജരാക്കി അവർക്ക് കടുത്ത ശിക്ഷ വാങ്ങി നൽകുന്നതിനു പോലീസിനു ഇതിനുള്ള (ഡാറ്റകൾ ഉപയോഗിക്കുന്നതിനുള്ള) അധികാരം ഉണ്ടാകണം. ഇതിൽ നമ്മൾ സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ഒന്നും നടത്തിയിട്ടില്ല. അതിനാൽ ആരുടേയും സ്വകാര്യത ഹനിക്കുന്ന ഒരു നടപടിയും നമ്മൾ സ്വീകരിച്ചിട്ടില്ല എന്ന ഉറപ്പ് ഞാൻ നൽകുന്നു.

ഇന്നലെ വരെ 1117 മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു, ഇന്ന് രാവിലെ വരെ കലാപ സമയത്ത് ആളുകളെ കൊലപ്പെടുത്തുകയോ കല്ലെറിയുകയോ തീവെയ്പു നടത്തുകയോ ഒക്കെ  ചെയ്ത 1922 മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 336 ആളുകൾ ഉത്തർപ്രദേശിൽ നിന്നുള്ളവർ ആണ്. ഉത്തർ പ്രദേശിലെ നാല് ജില്ലകളിൽ നിന്നുള്ളവരുടെ ഡാറ്റയും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ചോദ്യം ഉയർന്നു വന്നത് ഉത്തർപ്രദേശിൽ നിന്നും ആളുകളെ കൊണ്ടുവരുന്നത് എന്തു കൊണ്ട് തടഞ്ഞില്ല എന്നതാണ്. ഇരുപത്തി നാലാം തീയതി രാത്രി തന്നെ ഉത്തർപ്രദേശുമായുള്ള അതിർത്തികൾ അടച്ചിട്ടുണ്ട്. ഞങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം വന്ന ഉടൻ തന്നെ. ഈ കലാപം ഉണ്ടായ പല പ്രദേശങ്ങളും ഉത്തർപ്രദേശിനോട് ചേർന്നു കിടക്കുന്നതാണ്. ജനാധിപത്യ രാജ്യത്ത് രണ്ട് രാജ്യങ്ങളുടെ അതിർത്തികൾ സീൽ ചെയ്യുന്നതു പോലെ സംസ്ഥാനങ്ങളുടെ അതിർത്തികൾ സീൽ ചെയ്യുക എന്നത് എളുപ്പമല്ല. എന്നിട്ടും എല്ലാ വാഹങ്ങളും പരിശോധിച്ചു, അതിലുള്ള വസ്തുക്കൾ പരിശോധിച്ചു, വണ്ടിയുടെ നമ്പർ രേഖപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസൻസും വണ്ടിയുടെ ഉടമസ്ഥന്റെ വിവരങ്ങളും ഒക്കെ പരിശോധിക്കും. ഈ നടപടികൾ എല്ലാം നടക്കുന്നുണ്ട്.  ആളുകൾ കൊല്ലപ്പെട്ടത്, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടത്, ആശുപത്രികൾ നശിപ്പിക്കപ്പെട്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടത് നമ്മുടേ സമർത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് പോലെയുള്ള കടുത്ത കുറ്റകൃത്യങ്ങളുടെ പ്രത്യേകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ അൻപത് സംഭവങ്ങൾ മൂന്ന് അന്വേഷണ സംഘങ്ങൾക്ക് വീതിച്ച് നൽകിയിട്ടുണ്ട്.അതിൽ സമഗ്രമായ അന്വേഷണം ഡി ഐ ജി / ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. അങ്ങനെ അൻപത് കടുത്ത കുറ്റകൃത്യങ്ങൾ നമ്മൾ പ്രത്യേകം അന്വേഷിക്കുന്നുണ്ട്. 

ആക്രമണങ്ങൾക്ക് പ്രാദേശികമായി ഉണ്ടാക്കിയ ആയുധങ്ങൾ (തോക്കുകൾ) വളരെയധികം ഉപയോഗിച്ചതായി റിപ്പോർട്ട് ഉണ്ട്. പലതും ലൈസൻസ് ഇല്ലാത്തവ ആയിരുന്നു. അധികവും പ്രാദേശികമായി ആയി ഉണ്ടാക്കിയതായിരുന്നു. അത്തരത്തിലുള്ള 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങളുടെ പരിശോധനയിൽ നിന്നും ഏതുതരം ആയുധം കൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഓട്ടോമാറ്റിക് ആണോ, പ്രാദേശീകമായി ഉണ്ടാക്കിയതാണോ എല്ലാം അറിയാൻ കഴിയും. ഇതെല്ലാം കണക്കിലെടുത്ത് 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 52 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള, കലാപത്തിനു ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന 107 ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇതുവരെയുള്ള കണക്കാണ്. ഇത് പൂർണ്ണമാണെന്ന് ഞാൻ കരുതുന്നില്ല. അന്വേഷണം നടക്കുന്നുണ്ട്. 

സമുദായ സംഘടനകളെ രണ്ട് ഭാഗത്തുനിന്നുള്ള സമുദായ സംഘടനകളെ ഒരുമിച്ച് ഇരുത്തി ചർച്ച നടത്തണമായിരുന്നു എന്ന നിർദ്ദേശം ഇവിടെ വന്നു, 25നു രാവിലെ മുതൽ തന്നെ ഡൽഹിലെ എല്ലാ പോലീസ്റ്റേഷനുകളിലും, കലാപം നടന്നയിടങ്ങളിലെ മാത്രമല്ല എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാധാനസമിതികളുടെ മീറ്റിങ്ങ് നടത്തിയിരുന്നു. 26 ആറാം തീയതിയോടെ ഞങ്ങൾ അത്തരത്തിൽ 331 സമാധാന സമ്മേളനങ്ങൾ നടത്തിയിരുന്നു. അതിൽ എല്ലാ മതത്തിലും എല്ലാ ജാതിയിലും എല്ലാ രാഷ്ട്രീയപാർട്ടികളിലും പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പോലീസ് തങ്ങളാലാവുംവിധം കലാപം പടരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

കലാപങ്ങളിൽ പങ്കെടുത്തതായി ഡ്രൈവിങ്ങ് ലൈസൻസിന്റെ സഹായത്താൽ തിരിച്ചറിഞ്ഞ ആളുകളെ പിടിക്കുന്നതിനായി പോലീസിന്റെ നാല്പതിൽ അധികം പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. അവർ കുറ്റവാളികളുടെ വീട്ടിൽ പോയിയും, അവരുടെ ഫോൺ ട്രേസ് ചെയ്തും, സമീപവാസികളോട് അന്വേഷിച്ചും ആ ആളുകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ ചെയ്തു വരുന്നുണ്ട്. ഈ നാല്പതിലധികം വരുന്ന ടീമുകളുടെ ജോലി ഇതുമാത്രമാണ്. അവർ അന്വേഷണം നടത്തുന്നില്ല. അറസ്റ്റ് ചെയ്ത് ആളെ കൊണ്ടുവരുക മാത്രമാണ് അവരുടെ ജോലി.

പിന്നെ വന്ന ചോദ്യം ഇതൊരു ഗൂഢാലോചന ആണെന്ന് ഞാൻ പറഞ്ഞതിനെ കുറിച്ചാണ്. അതിലേയ്ക്ക് ഞാൻ പിന്നീട് വരാം. എന്നാൽ ഞാൻ ഇപ്പോൾ സഭയിൽ ഇത്രമാത്രം പറയാം, സംഘടനയുടെ പേര് ഞാൻ പറയുന്നില്ല, എന്നാൽ ഇരുപത്തി നാലാം തീയതിയ്ക്ക് മുൻപ് തന്നെ ഞങ്ങൾക്ക് വിദേശത്തു നിന്നും നാട്ടിൽ നിന്നും ഈ സംഘടനയ്ക്ക് കിട്ടുന്ന പണത്തെ കുറിച്ച് വിവിധ ഏജൻസികൾ വഴി വിവരം ലഭിച്ചിരുന്നു. ഈ പണം ഡൽഹിയിൽ പലർക്കും വീതിച്ചു നൽകുകയും ചെയ്തിരുന്നതിനെക്കുറിച്ചും അറിയിപ്പ് ഉണ്ടായിരുന്നു. അതിനെ കുറിച്ച് ആ സമയത്ത് തന്നെ ഞങ്ങൾ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ നടക്കുന്ന അവസരത്തിൽ തന്നെ കലാപം ആരംഭിച്ചിരുന്നു. ഈ വിഷയത്തിൽ ഡൽഹി പോലീസ് അടുത്ത് തന്നെ ചില വിവരങ്ങൾ പ്രഖ്യാപിക്കും. എന്നാൽ പണം അയച്ചതിനും കൈപ്പറ്റിയതിനും വിതരണം ചെയ്തതിനും  ഞങ്ങൾ അഞ്ച് ആളുകളെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഇന്ന് മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആകെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി ആണ് ഇന്നലെ സഭയിൽ ഈ കലാപങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞത്.

ബഹുമാനപ്പെട്ട അംഗം വളരെ വ്യക്തമായ ഒരു ചോദ്യം ചോദിച്ചു നിങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എത്ര അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട് എന്ന്.  ഡൽഹിയിൽ സ്പെഷ്യൽ സെൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ കലാപത്തിന്റെ സമയത്ത് അത് ആളികത്തിക്കാൻ ശ്രമിച്ച നൂറുകണക്കിനു അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട്. എന്നാൽ ചില അക്കൗണ്ടുകൾ കലാപത്തിനു രണ്ട് ദിവസം മുൻപ് പുതുതായി തുറന്നതും ഇരുപത്തി ആറാം തീയതി രാത്രിയ്ക്ക് മുൻപ് ഡിലീറ്റ് ചെയ്യപ്പെട്ടതുമായിട്ടുണ്ട്. ആ അക്കൗണ്ടുകൾ പൂർണ്ണമായും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും കലാപം ആളിക്കത്തിക്കുന്നതിനും പ്രത്യേക പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനും മാത്രം ഉപയോഗിച്ചതാണ്. ആ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നവരും ഒരു പക്ഷെ എന്റെ ഈ പ്രസ്തവന കേൾക്കുന്നുണ്ടാവും. അവർ കരുതുന്നുണ്ടാവും അക്കൗണ്ട് അവർ ഡിലീറ്റ് ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്ന്. എന്നാൽ പാതാളത്തിൽ പോയി ഒളിച്ചാലും അവരെ അവിടെ നിന്നും കണ്ടെത്തി പിടിച്ചുകൊണ്ടുവന്ന് നിയമത്തിനു മുന്നിൽ ഞങ്ങൾ നിറുത്തും കാരണം അവർക്ക് രക്ഷപ്പെടാൻ സാധിക്കില്ല.  അവർ ചെയ്തതിനെല്ലാം തെളിവുകൾ ഉണ്ട്, അവർക്ക് ഇന്നത്തെ കാലത്ത് രക്ഷപ്പെടാൻ സാധിക്കില്ല.  അവരെ കണ്ടെത്തും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നിറുത്തുകയും ചെയ്യും.    

ഈ കൂട്ടത്തിൽ രണ്ടാളുകൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.  അവർക്ക് ഐഎസിൽ നിന്നും നിർദ്ദേശങ്ങൾ ലഘുലേഖകൾ കിട്ടുന്നുണ്ടായിരുന്നു. ആ ലഘുലേഖകൾ ഭാരതത്തിലെ ഭാഷകളിൽ തർജ്ജമ ചെയ്ത് ഇവിടെ വിദ്വേഷം പരത്താൻ അവർ വിതരണം ചെയ്തിരുന്നു. അവരേയും നമ്മൾ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നമ്മുടെ സമർത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അങ്കിത് ശർമ്മയും രത്തൻ ലാലും തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ വ്യക്തികളെ  സമൂഹങ്ങളെ ദില്ലി പോലീസ് പൂർണ്ണമായും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞാൻ ഈ സഭയെ അറിയിക്കുകയാണ്. അതിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ (അങ്കിത് ശർമ്മയെ) കുത്തി കൊലപ്പെടുത്തുന്നതിന്റെ വീഡിയൊ ലഭ്യമായിട്ടുണ്ട്. അതിന്റെ ശബ്ദരേഖയും ലഭ്യമാണ്. ആ വ്യക്തി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. രത്തൻ ലാലിനെ കല്ലെറിയുന്നതിന്റെ വീഡിയോകൾ എല്ലാം ലഭ്യമായിട്ടുണ്ട്. അതിൽ കൊലപാതകത്തിനു കാരണമായ വിധത്തിൽ കല്ലെറിഞ്ഞവരെ തിരിച്ചറിയുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഡൽഹികലാപത്തിൽ നടന്നത് ദീർഘകാലത്തേയ്ക്ക് ആവർത്തിക്കാതിരിക്കാൻ കലാപകാരികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കണം എന്ന് ഡൽഹി പോലീസ് ഡൽഹി ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിനോട് കത്ത് മുഖാന്തരം അഭ്യർത്ഥിച്ചിട്ടുണ്ട്. ക്ലെയിം കമ്മീഷണറെ (നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറെ) എങ്ങനെ ആണ് നിയമിക്കുന്നത് എന്ന് ഇന്നലെ ലോക്സഭയിൽ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. കുറച്ച് പേർക്ക് ക്ലെയിം കിട്ടും കുറച്ചുപേർക്ക് ക്ലെയിം കിട്ടിയില്ല എന്നിങ്ങനെ ആരോപണങ്ങൾ ഉണ്ടാകും. ഞങ്ങൾ ക്ലെയിം കമ്മീഷണറായി ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ല. ഡൽഹി പോലീസ് ഡൽഹി ചീഫ് ജസ്റ്റിസിനു കത്തെഴുതി അദ്ദേഹം തന്നെ ഏതെങ്കിലും ഒരു ജഡ്ജിയെ ക്ലെയിം കമ്മീഷണറായി നിയമിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഞാൻ ഇത് പറയുന്നത് നരേന്ദ്ര മോദി സർക്കാർ അന്വേഷണത്തെ ഗൗരവമായിട്ടാണ` എടുത്തിട്ടുള്ളതെന്നും, ശാസ്ത്രിയമായി നീതിയുക്തമായ വളരെ വേഗത്തിൽ ഉള്ള അന്വേഷണം ആണ് നടക്കുന്നതെന്നുള്ള വിശ്വാസം  എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകണമെന്നതുകൊണ്ടാണ്. രാജ്യത്തെ ഏതൊരു കോണിലുള്ള ആളുടെ ഉള്ളിലും പ്രത്യേകിച്ച് ഡൽഹിയുള്ള ആളുകളുടെ ഉള്ളിൽ ഞങ്ങൾക്ക് നേരെ ഉയരുന്ന ആരോപനങ്ങൾ ശരിയാണോ എന്ന കാര്യത്തിൽ യാതൊരു വിധ ശങ്കയുംഉണ്ടാകേണ്ട കാര്യമില്ല. ഈ സഭയുടെ മുൻപാകെ എനിക്ക് പറയാനുള്ളത് അത്തരത്തിലുള്ള അരോപണങ്ങൾ ഉണ്ടെങ്കിൽ ദയവുചെയ്ത അടിസ്ഥാനമില്ലാതെ ഉന്നയിക്കരുതെന്നാണ്. എല്ലാത്തിനു ഉത്തരം പറയുന്നതിനു ഞാൻ തയ്യാറാണ്, ബാധ്യസ്ഥനാണ്. കലാപത്തിൽ ഏർപ്പെട്ടവർ ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഏത് പാർട്ടിയിൽ പെട്ടവരാണെങ്കിലും ഏത് വിശ്വാസത്തിൽ പെട്ടവരാണെങ്കിലും അവർക്ക് രക്ഷപ്പെടുന്നതിനുള്ള യാതൊരു വിധ പഴുതുകളും നൽകില്ല എന്ന ഉറപ്പ് അങ്ങയിലൂടെ ഈ സഭയ്ക്ക് ഞാൻ നൽകുന്നു. അതിനാൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറുടെ നിയമനം പോലും ഞങ്ങൾ ഡൽഹി ഹൈക്കോടതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. 

മറ്റൊരു വലിയ കാര്യം പറഞ്ഞത് ഡൽഹി പോലീസ് പരാജയപ്പെട്ടിരിക്കുന്നു. വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ട ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടിരിക്കുന്നു. ഞാൻ രാഷ്ട്രീയക്കാരനാണ്, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, ഉത്തരവാദിത്വം ഉള്ള ആളാണ്. നിങ്ങൾ എന്റെമേൽ ആരോപണങ്ങൾ ഉന്നയിക്കണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്, ഡെൽഹി പോലീസിനുമേൽ ആരോപണങ്ങൾ ഉന്നയിക്കാതിരുന്നാലും. സ്ഥിതിഗതികൾ പൂർണ്ണമായും പഠിച്ച് മനസ്സിലാക്കിയ എനിക്ക് കൃത്യമായി പറയാനുള്ളത് ഡൽഹി പോലീസ് ശരിയായ വിധമാണ് പ്രവർത്തിച്ചത് എന്നാണ്. ഞാൻ 161 കിലോമീറ്റർ എന്ന് ഞാൻ പറഞ്ഞു എന്നാണ് ശ്രീ ആനന്ദ് ശർമ്മ ഇന്നലെ പറഞ്ഞത് . എനിക്ക് തെറ്റിയതാണോ ശ്രീ ആനന്ദ് ശർമ്മ കേട്ടതിൽ വന്ന പിഴവാണോ എന്ന് ഞാൻ വീഡിയോ പരിശോധിക്കാം. എനിക്ക് തെറ്റിയതാണെങ്കിൽ ഞാൻ അത് തിരുത്താം. എന്നാൽ യഥാർത്ഥത്തിൽ അത് 16 കിലോമീറ്റർ ആണ്. ഞാൻ ശതമാനവും കൂടി പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് ഡൽഹിയിൽ ആകെ 1.17കോടി ആളുകൾ വസിക്കുന്നു എന്നാണ്. കലാപം ഉണ്ടായ സ്ഥലങ്ങൾ ഏതാണ്ട് 20 ലക്ഷം ആളുകൾ വസിക്കുന്നുണ്ട്. ഡൽഹിയുടെ ആകെ വിസ്തൃതിയുടെ 4% സ്ഥലം, 13% ആളുകൾ ആണ് കലാപബാധിതമായത്. 4% ,13% എന്നത് വളരെ ചെറിയ വിഭാഗം ആണെന്നല്ല ഞാൻ പറയുന്നത്. ഇത് ഞാൻ ഗൗരവതരമായി തന്നെ ആണ് കാണുന്നത്. ഒരാളുടെ എങ്കിലും ജീവൻ നഷ്ടമാവുക എന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇവിടെ അൻപതിൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇത് വളരെ ചെറുതാണെന്നോ ഇതിൽ വലിയ പ്രസക്തി ഇല്ലെന്നോ ഞാൻ പറയില്ല. ഇത്രയും കലുഷിതമായ അന്തരീക്ഷമായിരുന്നിട്ടുകൂടി ഡൽഹിയുടെ 4% വിസ്തൃതിയ്ക്ക് അപ്പുറം 13% ജനങ്ങൾക്ക് അപ്പുറം കലാപം പടരാതെ നോക്കുന്നതിൽ ഡൽഹി പോലീസ് വിജയിച്ചു എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. അതും നമ്മൾ പരിഗണിക്കേണ്ടതാണ്. ഡൽഹിയിലെ ഓരോ ജില്ലയിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നാണ് താമസിക്കുന്നത്. സിഖ് സഹോദരങ്ങൾ വസിക്കുന്നുണ്ട്. കൃസ്ത്യാനികൾ വസിക്കുന്നുണ്ട്. എന്നാൽ കലാപം പടർന്നില്ല, പടരാൻ അനുവദിച്ചില്ല. ആ നേട്ടം ഡൽഹിപോലീസിനു മാത്രം അവകാശപ്പെട്ടതാണ്. ഡൽഹി പോലീസ് ആണ് പരിശ്രമിച്ചത്. ഇത് അംഗീകരിക്കേണ്ടത് ഡൽഹി പോലീസിന്റെ മനോവീര്യം സംരക്ഷിക്കുന്നതിനും ആവശ്യമാണ്. വടക്ക് കിഴക്കൻ മേഖലയിലെ പന്ത്രണ്ട് സ്റ്റേഷനുകൾ കലാപം ബാധിച്ചു, അവയുടെ പേര് ഞാൻ പറയുന്നില്ല. എന്നാൽ വളരെ കുറച്ച് സമയത്തിനുള്ളിൽ, കുറച്ചു സമയം എന്നത് ആധികാരികമായി ഒരിക്കൽക്കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു ഇരുപത്തി നാലാം തീയതി ഉച്ചയ്ക്ക് കലാപത്തിന്റെ ആദ്യത്തെ സൂചന കിട്ടി, ധർണ്ണകളും ജാഥകളും 23 മുതൽ നടക്കുന്നുണ്ടായിരുന്നു, എന്നാൽ കലാപം എന്ന് പറയാവുന്ന രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന, അല്ലെങ്കിൽ പോലീസുമായി ഏറ്റുമുട്ടുന്ന സംഭവങ്ങൾ ആദ്യം ഉണ്ടാകുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്, അവസാനത്തെ സൂചന ഗോകുൽപൂർ മേഖലയിൽ നിന്നും 25നു രാത്രി 11 മണിയ്ക്കാണ് ലഭിക്കുന്നത്. അതിനു ശേഷം ഏറ്റുമുട്ടൽ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനു ശേഷം മൃതദേഹങ്ങൾ പലതും കണ്ടുകിട്ടിയിട്ടുണ്ട്. എന്നാൽ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത് ഇരുപത്തി അഞ്ചാം തീയതി വൈകീട്ട് ആറ് മണിയ്ക്ക് മുൻപായിട്ടാണ്. ഇത്രയും വലിയ ഏറ്റുമുട്ടലുകൾ നടന്നു. ഇത്രയും വലിയ കലാപം നടന്നു, അതിൽ ആക്രമിക്കപ്പെട്ടവർ കൊല്ലപ്പെട്ടവർ എല്ലാം പോലീസ് നടത്തിയ ആദ്യ കണക്കെടുപ്പിൽ വന്നില്ല. പലരേയും പിന്നീട് മുൻസിപ്പൽ കോർപ്പറേഷനേയും ചേർത്ത് അന്വേഷണം നടത്തി കണ്ടെത്തേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ആ ഹതഭാഗ്യരുടെ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അവരെല്ലാം മരണപ്പെട്ടിരിക്കുന്നത് ഫെബ്രുവരി 25നു രാത്രി 11 മണിയ്ക്ക് മുൻപാണ്. അതായത് ഈ കലാപം നീണ്ടുനിന്നത് വെറും മുപ്പത്തിയാറു മണിക്കൂർ മാത്രമാണ്. “വെറും’ എന്ന് ഞാൻ പറഞ്ഞത് തെറ്റായ  അർത്ഥത്തിൽ എടുക്കരുതെന്ന് ഞാൻ നിങ്ങളോട് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. ഒരു മിനിറ്റു പോലും കലാപം ഉണ്ടാകരുതെന്നാണ് എന്റേയും സർക്കാരിന്റേയും ഡൽഹി പോലീസിന്റേയും ആഗ്രഹം. എന്നാൽ ഇത്രയും കലുഷിതമായ അന്തരീക്ഷം രണ്ട് ഭാഗത്തു നിന്നും ഉണ്ടായിട്ടും മുപ്പത്താറു മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രിക്കാൻ സാധിച്ചു എന്നത് തീർച്ചയായും നല്ലകാര്യമാണ്.

മറ്റൊരു കാര്യം ശ്രീ സഞ്ജയ് സിങ്ങ് പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ഉന്നയിച്ച സൈന്യത്തെ വിളിക്കണം എന്ന ആവശ്യത്തെ കുറിച്ചാണ്. ഇരുപത്തി അഞ്ചാം തീയതി പതിന്നൊന്ന് മണിയ്ക്ക് ഞങ്ങൾ ഒരു മീറ്റിങ്ങ് വിളിച്ചിരുന്നു. അതിൽ ഡൽഹി പി സി സി പ്രസിഡന്റ് ഉണ്ടായിരുന്നു, ശ്രീ കേജ്‌രിവാൾ ഉണ്ടായിരുന്നു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു, പ്രതിപക്ഷത്തെ പാർടികളുടെ നേതാക്കൾ ഉണ്ടായിരുന്നു, ലഫ്റ്റനന്റ് ഗവർണ്ണർ ഉണ്ടായിരുന്നു, ഞാൻ ഉണ്ടായിരുന്നു, ഡൽഹിയുടെ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉണ്ടായിരുന്നു, ഇന്റെലിജൻസ് ബ്യൂറോയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, അങ്ങനെ നിവധി പ്രധാനപ്പെട്ട ആളുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഇത്തരത്തിലുള്ള ഒരു ആവശ്യവും അദ്ദേഹം ഉന്നയിച്ചില്ല. ഇരുപത്തി ഏഴാം തീയതി പട്ടാളത്തെ വിളിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ കലാപം ശമിച്ചിരുന്നു. ഇരുപത്തി അഞ്ചാം തീയത് രാത്രി 11 മണിയ്ക്ക് കലാപം അവസാനിച്ചു.  എന്നാൽ രാഷ്ടീയമായി വെറുതെ ആരോപണം ഉന്നയിക്കുക എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല. അതിൽ ഒരു കാര്യവും ഇല്ല. കാരണം ഇരുപത്തി അഞ്ചാം തീയതി രാത്രി കലാപം അവസാനിച്ചു. അദ്ദേഹം പറയുന്നത് എനിക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ ഇമോഷനും എനിക്ക് മനസ്സിലാകും. കാരണം അദ്ദേഹത്തിന്റെ കൗൺസിലറുടെ വീട്ടിൽ നിന്നും ഒരുപാട് സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആ കൗൺസിലറെ പുറത്താക്കേണ്ടി വന്നു. ഞാൻ ഈ പ്രസംഗം മുഴുവൻ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിങ്ങൾ ഇത്രയും രാഷ്ട്രീയം പറയുമ്പോൾ എനിക്കും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടി വരും. കാര്യങ്ങൾ ആധികാരികമായ വ്യക്തത വരുത്തുന്നതിനു വേണ്ടി ഇത്രയും കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 22, 23, 24, 25. 26, തീയതികളിൽ എത്രമാത്രം സി ആർ പി എഫ് ജവാന്മാരെ ആവശ്യമുണ്ടായിരുന്നോ അത്രയും ആളുകളെ പോലീസിനെ സഹായിക്കാൻ വേണ്ടി വിന്യസിച്ചിട്ടുണ്ടായിരുന്നു. ദില്ലി പോലീസിനേയും അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം കലാപം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. എൺപത് കമ്പനി ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന ആരോപണം ആണ് ഉന്നയിക്കപ്പെടുന്നത്. ഇത്ര ചെറിയ സ്ഥലത്ത് എൺപതി കമ്പനി എന്തെടുക്കുകയായിരുന്നു? ഞങ്ങൾക്ക് ചാന്ദ്നിചൗക്ക് സംരക്ഷിക്കണമായിരുന്നു. ഞങ്ങൾക്ക് മുസ്തഫബാദും സംരക്ഷിക്കണമായിരുന്നു. കലാപം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. ഞാൻ ഏതെങ്കിലും അംഗത്തിന്റെ ചോദ്യത്തിനുള്ള ന്യായീകരണം അല്ല പറയുന്നത്, യഥാർത്ഥത്തിൽ പോലീസിന്റെ അവസ്ഥ എന്തായിരുന്നു എന്നതാണ് വിശദീകരിക്കുന്നത്.

വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് ഇവിടെ പലരും വലിയ പരാമർശങ്ങൾ നടത്തി. വിദ്വേഷപ്രസംഗങ്ങൾ സി എ എ പാസാക്കിയതു മുതൽ ആരംഭിച്ചിട്ടുണ്ട്. വളരെ ദുഃഖത്തോടെ ഞാൻ പറയുകായാണ് രാജ്യം മുഴുവനുമുള്ള ന്യൂനപക്ഷങ്ങളുടെ മനസ്സിൽ, പ്രത്യേകിച്ചും മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സിൽ സി എ എ അവരുടെ പൗരത്വം ഇല്ലാതാക്കും എന്ന അനാവശ്യമായ ഒരു ഭയം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പാർലമെന്റിൽ എല്ലാ പാർടികളുടെയും നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. അവരുടെ ആശങ്കകൾക്ക് ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ ഞാൻ മറുപടിയും നൽകിയിരുന്നു. സി എ എയിൽ ഉള്ള ഏത് നിബന്ധനയാണ് ഈ രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്റെ പൗരത്വം എടുത്തുകളയുന്നതെന്ന് സുഹൃത്തുക്കളേ നിങ്ങൾ എന്നെ കാണിച്ചുതരൂ. സി എ എയിലെ ഏതെങ്കിലും വ്യവസ്ഥ ഉപയോഗിച്ച് ഒരു പൗരന്റെ പൗരത്വം എടുത്തുകളയാനുള്ള വിദൂരമായ ഒരു സാധ്യതപോലും നിങ്ങൾ കാണുന്നുണ്ടോ? രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരോട് ഞാൻ ഇന്നും പറയുന്നു, നിങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സി എ എ പൗരത്വം നൽകാനുള്ള നിയമം ആണ്, പൗരത്വം എടുത്തുകളയാനുള്ളതല്ല. ഇന്ന് എല്ലാ രാഷ്ട്രീയപാർടിയിലെ നേതാക്കളും ഉണ്ട്. നമുക്ക് ഒരുമിച്ച് പറയാം സി എ എ ആരുടേയും പൗരത്വം എടുത്തുകളയില്ല എന്ന് നമുക്ക് ഒരുമിച്ച് പറയാം. പിന്നെ ഈ കലാപങ്ങൾ ഒന്നും ഉണ്ടാകില്ല. പിന്നെ ഈ വിദ്വേഷം പടരില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് നമ്മൾ നമ്മുടെ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പാക്കുന്നത്? ആരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്? ഈ സദസ്സിൽ അറിവുള്ള ധാരാളം ആളുകൾ ഉണ്ട്. കപിൽ സിബിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ്. സി എ എ യിലെ ഏത് വ്യവസ്ഥയാണ് മുസ്ലീം പൗരന്മാരുടെ പൗരത്വം എടുത്തുകളയുന്നതെന്ന് അദ്ദേഹം പറയട്ടെ. ദയവുചെയ്ത് എന്നോട് പറയൂ.

കപിൽ സിബിൽ: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി, ഇവിടെ ആരും സി എ എ ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കും എന്ന് പറയുന്നില്ല. പ്രത്യേകിച്ചും ഞങ്ങൾ (കോൺഗ്രസ്സ്). എന്നാൽ നിയമം പറയുന്നത് എൻ പി ആർ നടപ്പിലാക്കുമ്പോൾ അതിൽ പത്ത് ചോദ്യങ്ങൾ അധികമായി ഉണ്ടാകും. അത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥൻ ചോദിക്കും. അതിനു വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിൽ ‘D’ എന്ന് (Doubtful) അടയാളപ്പെടുത്തും. അതിനു ശേഷം അന്വേഷണം നടക്കും. ഇത് മുസൽമാൻമാർക്ക് മാത്രമല്ല ദരിദ്രരായവർക്കും ബാധകമാണ്.  ഇത് ദളിതുകൾക്ക് ബാധകമാണ്. ഇത് എല്ലാവർക്കും ബാധകമാണ്. 

അമിത് ഷാ: സിബൽ സാഹബ് താങ്കൾക്ക് കൂടി പ്രയോജനമുള്ള ആധികാരികമായ ചില വസ്തുതകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി എന്നെ അനുവദിച്ചാലും. സി എ എ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് കപിൽ സിബിലിന്റെ നേതാക്കൾ നടത്തിയ നിയവധി പ്രസംഗങ്ങൾ എനിക്ക് ഇവിടെ ചൂണ്ടിക്കാണിക്കാൻ ആകും. എങ്ങനെ ആണ് ന്യൂനപക്ഷങ്ങൾക്ക് എതിരാകുന്നതെന്ന് പറയൂ. ബഹുമാനപ്പെട്ട അംഗം പറഞ്ഞത് എൻ പി ആർ നടപ്പിലാക്കുമ്പോൾ രേഖകൾ ആവശ്യപ്പെടും എന്നാണ്. എൻ പി ആർ നടപ്പിലാക്കുമ്പോൾ ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്, പത്രപ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. എൻ പി ആർ ആദ്യം നടപ്പിലാക്കിയപ്പോളും രേഖകൾ ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും ആവശ്യപ്പെടുകയുമില്ല. രണ്ടാമതായി അദ്ദേഹം ചോദിച്ചത് ഉത്തരങ്ങൾ അറിയില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും എന്നാതാണ്. അതിനും പത്രപര്യങ്ങൾ നൽകി വ്യക്തത വരുത്തിയിട്ടുണ്ട്. അറിയാവുന്ന ഉത്തരങ്ങൾ മാത്രം നൽകാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട്. ഉത്തരങ്ങൾ അറിയില്ല എങ്കിൽ നിങ്ങൾക്ക് നൽകാതിരിക്കാം. ഉത്തരങ്ങൾ എല്ലാത്തിനും നൽകണമെന്ന് ഒരു നിർബന്ധവും ഇല്ല.

ഗുലാം നബി ആസാദ്: ഇത് മുൻപ് നിങ്ങൾ പറഞ്ഞിട്ടില്ല. മുൻപ് നിങ്ങൾ പറഞ്ഞിട്ടില്ല.

അമിത് ഷാ: ഒരു മിനിട്ട്. ഞാൻ ലോക്സഭയിൽ……….      ശരി ഞാൻ പറഞ്ഞത് ഇതുവരെ താങ്കൾ കേട്ടില്ല. അല്ലെങ്കിൽ ആ വസ്തുത ഇതുവരെ താങ്കളുടെ അടുത്ത് എത്തിയില്ല. ഇപ്പോൾ നമ്മൾ മുഖാമുഖം ഇരിക്കുകയാണല്ലൊ. ഞാൻ പറഞ്ഞത് താങ്കൾ കേട്ടല്ലൊ. അപ്പോൾ ഇനിയെങ്കിലും പിന്തുണനൽകൂ. ഞാൻ വീണ്ടും വ്യക്തമായി പറയുന്നു. എൻ പി ആർ നടപ്പാക്കുമ്പോൾ ഒരു രേഖയും ചോദിക്കില്ല. രണ്ടാമതായി നിങ്ങൾക്ക് അറിയാത്ത ഉത്തരങ്ങൾ നിങ്ങൾ നൽകേണ്ടതില്ല. മൂന്നാമത്   ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു ആരുടെയും നേരെ ഒരു D യും ചേർക്കാൻ പോകുന്നില്ല. ആരുടേയും നേരെ. ഈ രാജ്യത്തെ ആർക്കും എൻ പി ആർ നടപടികളെ ഭയപ്പെടേണ്ടകാര്യം ഇല്ല. 

(കപിൽ സിബിൽ വീണ്ടും വ്യക്തത ആവശ്യപ്പെടുന്നു) അതിനുള്ള മറുപടി ആയി അമിത് ഷാ പറയുന്നു. ഞാൻ പറഞ്ഞല്ലൊ. വ്യക്തമായ ഉത്തരം നൽകാത്തവരെ D പട്ടികയിൽ പെടുത്തും എന്ന് പറഞ്ഞത് അങ്ങാണ്. ഞാൻ പറഞ്ഞത് അങ്ങനെ ഉണ്ടാകില്ല എന്നാണ്. (വീണ്ടും സഭയിൽ ബഹളം) ഡെറിക് സാഹബ് ഇരിക്കൂ. ബിനോയ് വിശ്വംജി എന്നെ മറുപടി പറയാൻ അനുവദിക്കൂ. ഞാൻ പറയാം വ്യക്തമാക്കാം. ഏതെങ്കിലും ഉത്തരം നൽകാതിരുന്നാൽ ഡി എന്ന് ചേർക്കപ്പെടും എന്ന് താങ്കൾ പറയുന്നത് പോലെ സംഭവിക്കുകയില്ല. 

ഗുലാം നബി ആസാദ്: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറഞ്ഞത് ഞാൻ കേട്ടത് ശരിയാണെങ്കിൽ ആരുടെയും കൂടെ ഡി ചേർക്കപ്പെടില്ല

അമിത് ഷാ: ശരിയാണ്. 

ഗുലാം നബി ആസാദ്: അതുതന്നെ അല്ലെ പറഞ്ഞത്. ഡി ആർക്കും ഇടില്ല.

അമിത് ഷാ: അതെ. അതുതന്നെ ആണ് പറഞ്ഞത്. ഞാൻ വീണ്ടും പറയുന്നു. ഗുലാം നബി അസാദ് മുതിർന്ന അംഗമാണ്, പ്രതിപക്ഷ നേതാവാണ്. ആനന്ദ് ശർമ്മജി ആഭ്യന്തരകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയർമാൻ ആണ്. പ്രതിപക്ഷത്തിലെ ഏതെങ്കിലും അംഗത്തിനു ഈ വിഷയത്തിൽ ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഗുലാം നബി സാഹബ് താങ്കൾ അവരേയും കൂട്ടി വരൂ. ഞാൻ താങ്കൾക്ക് മുൻഗണന നൽകി സമയം അനുവദിക്കാം. ഞാൻ ചർച്ച ചെയ്യാൻ തയ്യാറാണ്. അതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല.  ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ… (വീണ്ടും ബഹളം) ഞാൻ പറഞ്ഞു ഗുലാം നബി സാഹബ് പ്രതിപക്ഷത്തെ ഒന്നോരണ്ടോ അംഗങ്ങൾക്കൊപ്പം ഈ വിഷയം ചർച്ചചെയ്യാൻ ആഗ്രഹികുന്നു എങ്കിൽ ഞാൻ തയ്യാറാണ്. ആനന്ദ് ശർമ്മ നമ്മുടെ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയർമാൻ ആണ് അദ്ദേഹവും വരട്ടെ. 

സ്പീക്കർ: മന്ത്രി സംസാരിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഇടയ്ക്ക് പറയുന്നത് സഭയുടെ മാന്യതയ്ക്ക് യോജിച്ചതല്ല. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതിനു ശേഷം അദ്ദേഹം അനുവദിക്കുന്നു എങ്കിൽ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഞാൻ നൽകാം. 

അമിത് ഷാ: നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് കലാപത്തെ കുറിച്ചാണ്. എൻ പി ആർ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗുലാം നബി സാഹബ് അങ്ങേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാം. ഒന്നോ രണ്ടോ ദിവസം മുൻപ് പറയണം. നമ്മൾ സാർത്ഥകമായ ചർച്ച നടത്തും. ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്താം.  അങ്ങനെ എല്ലാ തെറ്റിദ്ധാരണകളും ദൂരീകരിക്കാം. പ്രതിപക്ഷത്തെ എല്ലാ അംഗങ്ങളോടും വിനയപൂർവ്വം എനിക്ക് പറയാനുള്ളത് സി എ എ, എൻ പി ആർ ഇവയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയം ആയി എന്നാണ്. കുറെ ആയി. ഡെറിക് ഭായ് അതാങ്കളും ഗുലാം നബി സാഹബിനൊപ്പം വരൂ. 

രണ്ടു ഭാഗത്തു നിന്നും വിദ്വേഷപ്രസംഗങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായി. നിങ്ങൾക്ക് സി എ എയെ കുറിച്ച് ആശങ്കളും സംശയങ്ങളും ഉണ്ടായിട്ടുണ്ടാവാം. എന്നാൽ രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സിൽ വലിയ ആശങ്കയുടെ അന്തരീക്ഷം ആണ് നിലവിൽ ഉണ്ടായിട്ടുള്ളത്. അവർക്ക് കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്, അവരുടെ ആശങ്കകൾ മാറ്റേണ്ടതുണ്ട്. ഞാൻ ആരുടേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ചില അംഗങ്ങൾ സി ആർ പി സിയുടേയും ഐ പിസിയുടേയും വകുപ്പുകളും പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാം. അടുത്ത കാലത്ത് ഈ കലാപം നടക്കുന്നത് മുൻപ് എന്താണ് സംഭവിച്ചത്. ഡിസംബർ 15നു .. ഡിസംബർ 14 നു ഷഹീൻ ബാഗിൽ സമരമില്ല. ഷഹീൻ ബാഗ് സമാധാനപൂർണ്ണമായ സമരം ആണ്. അതിനുള്ള അവകാശം ഇല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ പ്രശ്നം ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാവുന്നതാണ്. ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. സമരം ചെയ്യുന്നതിനു ഓരോ സ്ഥലങ്ങൾ ഉണ്ട്. അവടെ സമരം ചെയ്യാം. ഡൽഹിയിലും അത്തരം സ്ഥലങ്ങൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളും നിങ്ങളും അവിടെയെല്ലാം ആയിരക്കണക്കിനു സരങ്ങൾ നടത്തിയിട്ടുമുണ്ട്. അത് ജനാധിപത്യപരമായ അവകാശമാണ്. അതിൽ ആശങ്കകൾ ഒന്നും ഇല്ല. എന്നാൽ ഡിസംബർ 14നു രാംലീലമൈതാനിയിൽ നടന്ന പ്രസംഗത്തെ ഇവിടെ പലരും പറഞ്ഞു കഴിഞ്ഞു ശക്തമായ സമരം ആണ് നടത്തേണ്ടത്, അല്ലെങ്കിൽ ഭീരുക്കൾ ആയിപ്പോകും എന്നെല്ലാം പരാമർശങ്ങൾ ഉണ്ടായി. അതിനെ തുടർന്നാണ് ഡിസംബർ 15നു ഷഹീൻ ബാഗിലെ സമരം ആരംഭിക്കുന്നത്.  ആ ദിവസങ്ങൾ ആദ്യമായി സംഘർഷവും ഉണ്ടായി. അത് വർഗ്ഗീയ സംഘർഷങ്ങൾ ആയിരുന്നില്ല. സമരക്കാരും പോലീസും തമ്മിലുള്ള സംഘർഷം ആയിരുന്നു. ആരുടെ വിദ്വേഷപ്രസംഗത്തിന്റെ ഫലമായാണ് അതുണ്ടായതെന്നാണ് ഞാൻ പറഞ്ഞത്. ഫെബ്രുവരി 17നു മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു പ്രസംഗത്തിൽ ഒരു യുവാവ് പറഞ്ഞത് ലോകത്തിലെ ഏറ്റവും അധികാരമുള്ള ട്രമ്പ് ഇവിടെ വരുമ്പോൾ ഹിന്ദുസ്ഥാനിലെ ഭരണാധികാരികളോട് നമുക്കുള്ള അതിർപ്പ് നമ്മൾ കാണിക്കണം, തെരുവിൽ ഇറങ്ങണം, നമ്മുടെ ശക്തിതെളിയിക്കണം എന്നാണ്. ഈ വിദ്വേഷപ്രസംഗത്തിന്റെ നേരിട്ടുള്ള പ്രഭാവം ഇരുപത്തി മൂന്നാം തീയതി ഉണ്ടായി. ഇരുപത്തി മൂന്നാം തീയതി ഏഴെട്ട് ധർണ്ണകൾ പലസ്ഥലങ്ങളിൽ ആയി നടന്നു. ഇത് ആ വിദ്വേഷപ്രസംഗത്തിന്റെ ഫലമാണ്. ഫെബ്രുവരി 19ന്  ഒരു പാർടിയുടെ നേതാവ് പറഞ്ഞത് നമ്മൾ പന്ത്രണ്ട് കോടിയുണ്ട്, എന്നാൽ ഈ പന്ത്രണ്ട് കോടി നൂടികോടിയെ നേരിടാൻ പോന്നതാണെന്നാണ്.  (ബഹളം..) തുടർന്ന് ഇരുപത്തി മൂന്നാം തീയതി വടക്കു പടിഞ്ഞാറൻ (ഡൽഹിയിൽ) ഏഴെട്ടു സ്ഥലങ്ങളിൽ ധർണ്ണകൾ നടന്നു. അങ്ങനെ സി എ എ വിരുദ്ധസമരമായി തുടങ്ങിയ ധർണ്ണങ്ങൾ പതിയെ പതിയെ വളർന്ന് വർഗ്ഗീയ കലാപം ആയി മാറി. ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു വിദ്വേഷപ്രസംഗങ്ങളുടെ പരിണിതി ആരുടേയും നിയന്ത്രണത്തിൽ നിൽക്കില്ല.

ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയം പരാമർശിക്കപ്പെട്ടു. നിയമമന്ത്രി അതിനെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജഡ്ജിയുടെ നിയമനത്തിന്റേയും സ്ഥലംമാറ്റത്തിന്റേയും ഉത്തരവ് മാത്രമാണ് ഭാരത സർക്കാർ പുറപ്പെടുവിക്കുന്നതെന്ന് ജനങ്ങളും ലോകവും അറിയണം. അതിനുള്ള തീരുമാനം എടുക്കുന്നത് കൊളീജിയം ആണ്. കൊളീജിയം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അദ്ധ്യതക്ഷയിൽ ഉള്ളതാണ്. ആദ്യം അവരുടെ ശുപാർശവരുന്നു. തുടർന്ന് ജഡ്ജിയുടെ സമ്മതം ചോദിക്കുന്നു. ഈ വിഷയത്തിൽ ശുപാർശ വന്നത് ഫെബ്രുവരി 12നു ആണ്. ജഡ്ജിയുടെ സമ്മതം രണ്ട് ദിവസം മുൻപ്  ലഭിച്ചിരുന്നു. നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് മാത്രമാണ് ആ ദിവസം ഇറങ്ങിയത്.  ഇതിനു ഏതെങ്കിലും ഒരു കേസുമായി ഒരു ബന്ധവും ഇല്ല. മൂന്ന് ആളുകളെ സ്ഥലം മാറ്റി. എല്ലാവരുടേയും അനുമതി ലഭ്യമായിട്ടുണ്ട്. എല്ലാത്തിനു രേഖകളും ഉണ്ട്.  ഞാൻ മറ്റൊരു വാദം കൂടി ഉന്നയിക്കുകയാണ്.  ഒരു ജഡ്ജിമാത്രമേ ന്യായം നടപ്പിലാക്കൂ എന്നത് എന്തൊരു ചിന്താഗതിയാണ്? മറ്റുള്ള ജഡ്ജിമാർ ന്യായം നടപ്പിലാക്കില്ലെ?  ഒരു ജഡ്ജി മാത്രമേ നീതിനടപ്പാക്കുകയുള്ളോ? ഇത് സാധാരണ നടന്നുവരുന്ന ഒരു സ്ഥലംമാറ്റം മാത്രമാണ്. നിങ്ങളും സർക്കാർ ആയിരുന്നതല്ലെ? ജഡ്ജിമാരുടെ നിയമനം സ്ഥലംമാറ്റം ഇവയിൽ സർക്കാരിന്റെ പങ്കെന്താണെന്ന് നിങ്ങൾക്കും അറിവുള്ളതല്ലെ? വളരെ കുറവാണ്. കൂടിപ്പോയാൽ ശുപാർശ മടക്കി അയക്കാം. അതേ ശുപാർശ വീണ്ടും അയക്കുകയാണെങ്കിൽ സ്വീകരിക്കണം. അല്ലാതെ മറ്റുമാർഗ്ഗമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു ജഡ്ജി മാത്രമേ നീതി നടപ്പിലാക്കൂ എന്ന മാനസികാവസ്ഥയ്ക്ക് തന്നെ ഞാൻ എതിരാണ്. എന്തുകൊണ്ട് ഒരു ജഡ്ജിമാത്രം? മറ്റുള്ള ജഡ്ജിമാരിൽ എന്തുകൊണ്ട് വിശ്വാസം ഇല്ല? വേറെയും ജഡ്ജിമാരുണ്ടല്ലൊ. എന്തെല്ലാം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആണ് നമ്മൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്? സഭയുടെ ഉള്ളിൽ പറയുന്നത്? നമ്മുടെ ജുഡീഷ്യറിയെ കുറിച്ച് എന്തു സന്ദേശം ആണ് നൽകുന്നത്? ഇങ്ങനെ മുന്നോട്ട് പോകാൻ ആവില്ല. 

വിദ്വേഷപ്രസംഗങ്ങൾ ഇങ്ങനെ നടന്നത്, പണം അയക്കുന്നതിനുള്ള ഗൂഢാലോചന, കുറച്ചു അക്കൗണ്ടുകൾ ഇരുപത്തിമൂന്നാം തീയതിയ്ക്ക് മുൻപായി പുതുതായി തുടങ്ങി ഇരുപത്തി അഞ്ചാം തീയതി ഇല്ലാതായത്, ട്രമ്പ് വരുമ്പോൾ ശക്തി തെളിയിക്കണം എന്ന് പറഞ്ഞത്, അതേ സമയം തന്നെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കലാപങ്ങൾ ഉണ്ടായത് എല്ലാം പരസ്പരം ബന്ധമുള്ളതാണ്. കുറച്ച് ആളുകൾ അല്പം കടന്ന് പറഞ്ഞത്  ഈ കലാപങ്ങൾ സർക്കാർ സ്പോൺസേഡ് ആണെന്നാണ്. അമേരിക്കയുടെ രാഷ്ട്രപതി രാജ്യത്ത് സന്ദർശനം നടത്തുകയും ആതിഥേയൻ പ്രധാനമന്ത്രി ആയിരിക്കുകയും ചെയ്യുന്ന അവസരത്തിൽ സർക്കാർ അങ്ങനെ ഒരു സ്പോൺസേഡ് കലാപം നടത്തുമോ? അത്രയും സാമാന്യബുദ്ധി എങ്കിലും നിങ്ങൾ ഉപയോഗിക്കൂ. അങ്ങനെ ഒരു മുഹൂർത്തത്തിലാണോ കലാപം നടത്തുന്നത്. സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കൂ സഹോദരാ. എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കലാപം ഉണ്ടാക്കുന്നത് ഞങ്ങളുടെ പാരമ്പര്യം അല്ല, ഞങ്ങളുടെ പാരമ്പര്യം കലാപം ഉണ്ടാക്കുന്നവരെ തിരഞ്ഞുപിടിച്ചു ജയിലിൽ അടയ്ക്കുക എന്നതാണ്. എന്റെ പാർടിയോടും എന്റെ നയങ്ങളോടുമൊപ്പം കലാപങ്ങളെ കൂട്ടിച്ചേർത്ത് ആരോപിക്കുന്ന പണി സ്വാതന്ത്ര്യം കിട്ടിയകാലം മുതൽ തുടങ്ങിയതാണ്. എന്നാൽ കണക്കുകൾ മറിച്ചാണ് പറയുന്നത്. 1967 ബിജെപി അധികാരത്തിൽ ഇല്ലായിരുന്നു. 69 ബിജെപി അധികാരത്തിൽ ഇല്ലായിരുന്നു. 67 റാംഝി ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 69 അഹമ്മദാബാദ് ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. എല്ലാം പറയാം കേൾക്കൂ. 70 ജൽഗാം ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു.  ജംഷഡ്പൂർ 79 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. മുറാദാബാദ് 80 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു.  ആസ്സാം 83 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. അഹമ്മദാബാദ് 85 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ബാദല്പൂർ 89 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 89 ഡൽഹി ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 90 ഹൈദരാബാദ് ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. അലിഗഡ് 90 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. സൂറത്ത് 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. കാൺപൂർ 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ഭോപാൽ 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 93 മുംബൈ ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ഞങ്ങൾ അധികാരത്തിൽ ഉണ്ടായിരുന്നത് ഗുജറാത്തിൽ കലാപം ഉണ്ടായപ്പോൾ മാത്രമാണ്. കലാപങ്ങളിൽ കൊല്ലപ്പെട്ടവരിൽ 76% ആളുകൾ കൊല്ലപ്പെട്ടത് കോൺഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തിൽ ആണ്.  എന്നിട്ടും എന്റെ പാർടിയുടെ മേൽ ആരോപണം ഉന്നയിക്കുന്നത് എന്തിനാണ്? ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. കോൺഗ്രസ്സിന്റെ കാലഘട്ടത്തിലും കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. അവ ശാന്തമാക്കാനുള്ള ശ്രമം കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞങളുടെ കാലത്തും കലാപം ഉണ്ടായി, അത് ശാന്തമാക്കാനുള്ള ശ്രമം ഞങ്ങളും നടത്തുകയാണ്. എന്നാൽ ഈ കലാപങ്ങളെ എന്റെ പാർട്ടിയുടേയും എന്റെ നയങ്ങളുടേയും  തലയിൽ വച്ചുകെട്ടാനുള്ള ശ്രമം അപലപനീയമാണ്. സത്യാവസ്ഥ മറിച്ചാണ്. 76% ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് കോൺഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തിൽ ആണ്. ഇത് രേഖകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്. തുടക്കമിട്ടത് ഞാനല്ല അതുകൊണ്ട് അവർ ഇത് കേൾക്കേണ്ടി വരും.

അവസാനമായി എനിക്ക് അപേക്ഷിക്കാനുള്ളത് സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരോടും കക്ഷി നേതാക്കളോടും ഇത്രമാത്രമാണ്. കലാപത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതേ ഉള്ളു. അത് വീണ്ടും തുറക്കുന്ന നീക്കങ്ങൾ ഒന്നും ആരും നടത്തരുത്. കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളുടെ പുനരധിവാസത്തിനും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും എല്ലാവരും സർക്കാരിനോട് സഹകരിക്കണം. എല്ലാവരും ഡൽഹി പോലീസിനോട് സഹകരിക്കണം. അവസാനമായി ഒന്നു കൂടി പറയാനുള്ളത് സി എ എയെ പറ്റി എൻ പി ആറിനെ പറ്റി ഈ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ഒരാൾക്ക് പോലും ഒരു ആശങ്കയും ഉണ്ടാകേണ്ട കാര്യം ഇല്ല. ഞാൻ എല്ലാ അംഗങ്ങളോടും പറയുന്നു ഗുലാം നബിയുടെ നേതൃത്വത്തിൽ ആനന്ദ് ശർമ്മയുടെ നേതൃത്വത്തിൽ ഈ വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവർ ചർച്ചയ്ക്ക് വരണം. ഇത് എപ്രകാരമാണ് ആർക്കും ദോഷം ചെയ്യാത്തതെന്ന്  ഞാൻ വ്യക്തമാക്കാം. കൊല്ലപ്പെട്ടുവരുടെ കുടുംബാംഗങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ എനിക്കാവില്ല. ഞാൻ ഈശ്വരനല്ല. എന്നാൽ വീട് കത്തിക്കപ്പെട്ടവരോട്, കടകൾ കത്തിക്കപ്പെട്ടവരോട്, ശരീരത്തിനു ക്ഷതം ഏൽക്കേണ്ടിവന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് എന്നെ വിശ്വസിക്കാം, കലാപകാരികൾ അവർ ഏത് മതത്തിൽ പെട്ടാവരായാലും ഏത് രാഷ്ട്രീയകക്ഷിയിൽ പെട്ടവരായാലും, ഏത് വിശ്വാസത്തിൽ ഉള്ളവരായാലും ഒരാളെപ്പോലും വെറുതെ വിടാതെ തിരഞ്ഞു പിടിച്ച് നിയമത്തിനുമുന്നിൽ എത്തിച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകും എന്ന് ഉറപ്പ് നൽകുന്നു.


No comments:

Post a Comment

Please share your comments and feedback about this post