Sunday 22 March 2020

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 19/03/2020

ലോകമെങ്ങും കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2020 മാർച്ച് 19നു നടത്തിയ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

ലോകം മുഴുവൻ ഇന്ന് വളരെ ഗുരുതരമായൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണ്. സാധാരണയായി എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾ ഉണ്ടകുമ്പോൾ അത് ഏതാനും ചില രാജ്യങ്ങളിലോ ചില സംസ്ഥാനങ്ങളിലോ പരിമിതമായിട്ടാണ് അനുഭവപ്പെടാറ്. എന്നാൽ ഇത്തവണത്തെ ദുരന്തം മനുഷ്യരാശിയെതന്നെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ പോലും ഇന്ന് കൊറോണയുടെ ആഘാതം ഏല്പിച്ച അത്രയും ലോകരാജ്യങ്ങളെ ബാധിച്ചിരുന്നില്ല. 

കഴിഞ്ഞ രണ്ടു മാസക്കാലമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട ഭീതിദമായ വാർത്തകൾ നമ്മൾ കാണുകയും നിരീക്ഷിക്കുകയുമാണ്. ഈ രണ്ടുമാസക്കാലം ഇന്ത്യയിലെ 130 കോടി ജനങ്ങളും ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ ശരിയായി നേരിടുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മൾ പ്രതിസന്ധി മറികടന്നു എന്നും എല്ലാം ഭദ്രമാണെന്നും ഉള്ള ഒരു കാഴ്ചപാടുള്ളതായി കാണുന്നു. കൊറോണ പോലെ ലോകവ്യാപകമായി പടർന്നു പിടിക്കുന്ന ഒരു അസുഖത്തെ നേരിടുന്നകാര്യത്തിൽ അലംഭാവം വച്ചു പുലർത്തുന്നത് ഉചിതമല്ല. അതുകൊണ്ട് ഓരോ ഇന്ത്യക്കാരനും തുടർന്നും ജാഗ്രതയും മുൻകരുതലും തുടരുക തന്നെ വേണം.

സുഹൃത്തുക്കളെ,

ഞാൻ നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള ഘട്ടങ്ങളിൽ ഒന്നും നിങ്ങൾ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തുന്നത് നിങ്ങളുടെ അനുഗ്രഹത്തിന്റെ ബലം കൊണ്ടാണ്. ഇന്ന് ഞാൻ നിങ്ങളോട്, എന്റെ രാജ്യത്തിലെ ഓരോ പൗരന്മാരോടും, ചിലത് ആവശ്യപ്പെടാനാണ് വന്നത്. എനിക്ക് വരാനിരിക്കുന്ന കുറച്ച് ആഴ്ചകളിലെ നിങ്ങളുടെ സമയം വേണം, സമീപഭാവിയിലെ നിങ്ങളുടെ കുറച്ചു സമയം

സുഹൃത്തുക്കളെ,

കൊറോണ എന്ന പകർച്ചവ്യാധിയിൽ നിന്നും നമ്മളെ രക്ഷിക്കാനുതകുന്ന ഉറപ്പുള്ള ഒരു പരിഹാരമോ വാക്സിനുകളോ ഇന്നുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ ആശങ്കകൾ ഉണ്ടാകുക സ്വാഭാവികമാണ്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ നടത്തിയിട്ടുള്ള പഠനങ്ങൾ എന്നാൽ ഒന്ന് വ്യക്തമാക്കുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്ഫോടനാത്മകമായ രീതിയിൽ ആണ് ഈ രോഗം അവിടങ്ങളിൽ പടർന്നു പിടിച്ചത്. കൊറോണ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായ രീതിയിൽ വർദ്ധിക്കുകയായിരുന്നു. ഭാരത സർക്കാർ കൊറോണയുടെ വ്യാപനവും സ്ഥിതിഗതികളും നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 

ചില രാജ്യങ്ങൾ ശക്തമായ നടപടികളിലൂടേയും ആ രാജ്യത്തെ പരമാവധി ജനങ്ങളെ സുരക്ഷിതരായി ഒറ്റപ്പെടുത്തിയും ഈ രോഗത്തിന്റെ വ്യാപനം തടഞ്ഞിട്ടുണ്ട്.

കൊറോണ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഭാരതത്തെ പോലെ 130 കോടി ജനസംഖ്യയുള്ള വികസനത്തിനായി നിരന്തരപരിശ്രമത്തിലുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് നിസ്സാരമായ ഒന്നല്ല.

പ്രധാനപ്പെട്ട പല വികസിത രാജ്യങ്ങളിലും കൊറോണ എന്ന അതിവേഗം പടർന്നു പിടിക്കുന്ന ഈ മഹാമാരി ഏല്പിക്കുന്ന വ്യാപകമായ ആഘാതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇന്ത്യയിൽ ഇതിന്റെ ആഘാതം ഉണ്ടാകില്ല എന്ന് അനുമാനിക്കാൻ സാധിക്കില്ല. അതിനാൽ ലോകവ്യാപകമായ ഈ മഹാമാരിയെ നേരിടാൻ രണ്ട് പ്രധാന ഘടകങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. ദൃഢനിശ്ചയവും സഹനവും. ഇന്ന് 130 കോടി വരുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാരും ഈ ആഗോളപ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ പൗരധർമ്മം പാലിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും എന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതാണ്. നമ്മൾ സ്വയം രോഗബാധിതരാവില്ലെന്നും മറ്റുള്ളവരെ രോഗബാധിതരാകാൻ അനുവദിക്കില്ലെന്നും ഇന്ന് നമ്മൾ തീരുമാനിക്കേണ്ടതാണ്.

സുഹൃത്തുക്കളെ,

ഇന്ന് ഇത്തരം ഒരു മഹാമാരിയുടെ കാലത്ത് ഒരു മന്ത്രത്തിനു മാത്രമേ നമ്മെ മുന്നോട്ട് നയിക്കാൻ ആകൂ "നമ്മൾ ആരോഗ്യവാന്മാരെങ്കിൽ ഈ ലോകവും ആരോഗ്യമുള്ളത്". ഈ രോഗത്തിനു അറിയപ്പെടുന്ന മരുന്നുകൾ ഒന്നും ലഭ്യമല്ലാത്ത ഈ അവസരത്തിൽ നമ്മൾ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് അനിവാര്യം. ഈ ഘട്ടത്തിൽ അസുഖബാധിതനാകാതിരിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും അത്യാവശ്യം വേണ്ടത് സഹനം ആണ്. എത്തരത്തിലുള്ള സഹനം ആണ് ഒരാൾ അനുവർത്തിക്കേണ്ടത്? ആൾക്കൂട്ടത്തിൽ നിന്നും ഒത്തു ചേരലുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും വീട് വിട്ട്നിൽക്കാതിരിക്കുകയും ചെയ്യുക. ഇതിനെ ഈ കാലഘട്ടത്തിൽ "Social Distancing" (സാമൂഹ്യമായ അകലം പാലിക്കൽ) എന്നാണ് വിളിക്കുന്നത്, ആഗോളവ്യാപകമായി കൊറോണ പടരുന്ന ഈ സമയത്ത് ഇത് അത്യന്തം ആവശ്യവുമാണ്.

നമ്മുടെ ദൃഢനിശ്ചയവും സഹനവും ഈ പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കും. നിങ്ങൾ അസുഖബാധിതനല്ലാത്തതിനാൽ നിങ്ങൾക്ക് പതുവുപോലെ മാർക്കറ്റുകളിലും തെരുവുകളിലും അലയാം എന്നും നിങ്ങളെ അസുഖം ബാധിക്കില്ല എന്നും നിങ്ങൾ കരുതുന്നത് തെറ്റാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോട് മാത്രമല്ല നിങ്ങളുടെ കുടുംബത്തോടും അനീതിയാണ് ചെയ്യുന്നത്.

ഇത് മനസ്സിൽ വച്ചുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത് വരുന്ന കുറച്ച് ആഴ്ചകളി അത്യാവശ്യം ഉള്ള അവസരങ്ങളിൽ മാത്രം വീടിനു വെളിയിൽ ഇറങ്ങിയാൽ മതി എന്നാണ്. നിങ്ങളുടെ വ്യവസായവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരമാവധി വീട്ടിൽ ഇരുന്നു തന്നെ ചെയ്യുക. 

എന്നാൽ സർക്കാർ ജീവനക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, ജനപ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർ പ്രവർത്തനോന്മുഖരായിരിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ള ആളുകൾ സാധിക്കുന്ന അത്രയും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് മാറിനിൽക്കേണ്ടതാണ്. 

നമ്മുടെ കുടുംബത്തിലെ പ്രായമാറ്റവർ, 65 വയസ്സിനു മുകളിൽ ഉള്ളവർ വരുന്ന കുറച്ച് ആഴ്ചകൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്നത്തെ പുതിയ തലമുറയ്ക്ക് ഒരു പക്ഷെ അത്രപരിചയമില്ലാത്ത ഒരു കാര്യം, മുൻപ് യുദ്ധസമയത്ത് രാത്രികാലങ്ങളിൽ "Blackout" ആചരിക്കുമായിരുന്നു. ഇത് ചില അവസരങ്ങളിൽ വളരെ കാലം നീണ്ടു നിന്നിട്ടുണ്ട്. യുദ്ധം ഇല്ലാത്ത സമയത്തും പിന്നീട് ചിലപ്പോൾ ഇത് പരിശീലിച്ചിരുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ഒരു കാര്യത്തിൽ കൂടി ഞാൻ എന്റെ എല്ലാ പൗരന്മാരുടേയും പിന്തുണ ആവശ്യപ്പെടുകയാണ് "ജനത കർഫ്യു". ജനത കർഫ്യു എന്നാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളുടെ മേൽ ഏല്പിക്കുന്ന കർഫ്യു.

ഈ ഞായറാഴ്ച അതായത് മാർച്ച് 22നു എല്ലാ പൗരന്മാരും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനത കർഫ്യുവിന്റെ ഭാഗമാകണം. ഈ സമയത്ത് നമ്മൾ വീടിനു വെളിയിൽ ഇറങ്ങുകയോ തെരുവുകളിൽ അലയുകയോ നമ്മുടെ സമീപപ്രദേശങ്ങളിൽ പോവുകയോ ഒന്നും ചെയ്യരുത്. അവശ്യസേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും അടിയന്തിരാവശ്യങ്ങൾ ഉള്ളവരും മാത്രമേ വീടിനു വെളിയിൽ പോകാവൂ. 

സുഹൃത്തുക്കളെ,

മാർച്ച് 22 നമ്മുടെ രാജ്യത്തോടുള്ള നമ്മടെ കടമ നിറവേറ്റാനുള്ള നമ്മുടെ നിശ്ചയത്തിന്റെ സ്വയം വിട്ടുനിൽക്കലിന്റെ ഒരു മാതൃക ആയിരിക്കും. ജനത കർഫ്യുവിന്റെ വിജയവും അതിൽ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങളും വരാനിരിക്കുന്ന വലിയ വെല്ലുവിളികളെ നേരിടാൻ നമ്മളെ പ്രാപ്തരാക്കും. 

ജനത കർഫ്യു നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നേതൃത്വം ഓരോ സംസ്ഥാന സർക്കാരുകളും ഏറ്റെടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. 

വരുന്ന രണ്ട് ദിവസങ്ങളിൽ ഈ ജനത കർഫ്യുവിനെ കുറിച്ചുള്ള അവബോധം സാമാന്യജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ രാജ്യത്തെ യുവാക്കളിൽ നിന്നും, എൻ സി സി, എൻ എസ് എസ്, സാമൂഹ്യസംഘടനകൾ, മറ്റുള്ള എല്ലാത്തരം സംഘടനകൾ എന്നിവയുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു. സാധ്യമാകുന്ന പക്ഷം ഓരോരുത്തരും കൊറോണ വൈറസിൽ നിന്നും രക്ഷനേടുന്നതിനെ പറ്റിയും ജനത കർഫ്യുവിനെ പറ്റിയും ഒരോ ദിവസവും പത്ത് പേരെയെങ്കിലും ഫോൺ ചെയ്ത് വിശദീകരിച്ചു കൊടുക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ജനത കർഫ്യു ഒരർത്ഥത്തിൽ നമ്മൾക്കും നമ്മുടെ രാജ്യത്തിനും ഒരു ലിറ്റ്മസ് പരീക്ഷണം ആണ്. ആഗോളതലത്തിൽ പടർന്നു പിടിക്കുന്ന കൊറോണ പോലെ ഒരു മഹാവ്യാധിയെ നേരിടുന്നതിൽ ഇന്ത്യ എത്രമാത്രം സജ്ജമാണെന്നതിന്റെ പരീക്ഷകൂടിയാണ് ജനത കർഫ്യു.

സുഹൃത്തുക്കളേ,

മാർച്ച് 22 നു നടത്തേണ്ടുന്ന ജനത കർഫ്യുവിനെ കുറിച്ച് പറയുന്നതിനൊപ്പം അതേ ദിശയിലുള്ള മറ്റൊരു വിഷയത്തിൽ കൂടി അതേ ദിവസം ഞാൻ നിങ്ങളുടെ പിന്തുണ
ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസക്കാലമായി ആശുപത്രികളിലും വിമാനത്താവളങ്ങളിലുമായി ലക്ഷക്കണക്കിനു ആളുകൾ രാപകൽ വ്യത്യാസമില്ലാതെ 
പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാർ, നേഴ്സുമാർ, ആശുപത്രി ജീവനക്കാർ, സാനിറ്റേഷൻ ജീവനക്കാർ, വിമാന ജീവനക്കാർ, സർക്കാർ ജീവനക്കാർ, പോലീസുകാർ, മാദ്ധ്യമപ്രവർത്തകർ, ട്രയിൻ-ബസ്-ഓട്ടോറിക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാർ, വീടുകളിൽ സാധങ്ങൾ എത്തിക്കുന്നവർ എന്നിങ്ങനെ നിരവധി ആളുകൾ ആത്മാർത്ഥമായി, തങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ ജോലിചെയ്യുകയാണ്. 

ഇന്നത്തെ സാഹചര്യത്തിൽ ഈ സേവനങ്ങൾ സാധരണമാണെന്ന് കരുതാൻ ആവില്ല. ഇന്ന് അവർക്ക് രോഗം പിടിപെടാനുള്ള അപകടസാധ്യതയുണ്ട്. എന്നിട്ടും മറ്റുള്ളവരെ 
സേവിച്ചുകൊണ്ട് അവർ അവരുടെ ജോലിചെയ്യുന്നു. രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് അവർ നമുക്കും കൊറോണയ്ക്കും ഇടയിൽ ഉറച്ചു നിൽക്കുന്നു. രാജ്യം അവർ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.

അത്തരത്തിലുള്ള എല്ലാ ആളുകളോടും നമ്മുടെ കടപ്പാട് മാർച്ച് 22നു നമ്മൾ പ്രകടിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകീട്ട് കൃത്യം അഞ്ചുമണിയ്ക്ക് നമ്മുടെ പടിവാതിലിൽ, ബാൽക്കണിയിൽ, വീട്ടിലെ ജനാലയ്ക്കൽ അഞ്ചു മിനിറ്റ് നിന്ന് നമ്മൾ അവരോടുള്ള ആദരം പ്രകടിപ്പിക്കണം. അവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനു അവരുടെ സേവനത്തെ ആദരിക്കുന്നതിനു നമ്മൾ കൈ കൊട്ടുകയോ, മണികൾ അടിക്കുകയോ, ഥാലികൾ (थाली) മുട്ടുകയോ ചെയ്യണം. 

ജനങ്ങളെ ഇത് ഓർമ്മിപ്പിക്കുന്നതിനു രാജ്യത്തെമ്പാടുമുള്ള തദ്ദേശസ്ഥാപനങ്ങൾ മാർച്ച് 22നു വൈകീട്ട് അഞ്ചു മണിയ്ക്ക് സൈറൺ മുഴക്കണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു. 

സേവനം ഏറ്റവും ഇത്കൃഷ്ടമായ പ്രവർത്തിയാണെന്ന നമ്മുടെ മൂല്യം ഉയർത്തിപ്പിടിക്കുന്ന നമ്മുടെ സഹപൗരന്മാരോടുള്ള നമ്മുടെ ആദരം സത്യസന്ധമായി നാം പ്രകടിപ്പിക്കണം.

സുഹൃത്തുക്കളേ,

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിൽ നമ്മുടെ അവശ്യസേവനവിഭാഗം ആയ ആശുപത്രികളുടെ മേലുള്ള ജോലിഭാരം കൂടിവരികയാണെന്നത് നാം മനസ്സിലാക്കണം. 
അത്തരം സാഹചര്യത്തിൽ പതിവായുള്ള പരിശോധനകൾക്കായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആവശ്യമെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഡോക്ടറിൽ നിന്നോ, കുടുംബ ഡോക്ടറിൽ നിന്നോ, ബന്ധുക്കളായുള്ള ഡോക്ടറിൽ നിന്നോ ഫോണിൽ ഉപദേശം തേടാവുന്നതാണ്. അടിയന്തിര പ്രാധാന്യമില്ലാത്ത ഏതെങ്കിലും ശസ്ത്രക്രിയകൾ നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതും ഒരു മാസത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ആഗോളവ്യാപകമായി പടർന്നു പിടിക്കുന്ന കൊറോണ സാമ്പത്തിക രംഗത്തും പല വിധത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇത് മനസ്സിലാക്കിക്കൊണ്ട് സാമ്പത്തികരംഗത്ത് കൊറോണ ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ധനകാര്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ്-19 എകോണമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സിനു രൂപം നൽകാൻ ഭാരതസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടും ബന്ധപ്പെട്ട കക്ഷികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടും ഈ ടാസ്ക് ഫോഴ്സ് സമീപഭാവിയിൽ തന്നെ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സാമ്പത്തിക രംഗത്തുണ്ടാകുന്ന എല്ലാ വിഷമതകളും പരിഹരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള സമഗ്രമായ നടപടികൾ  നടപ്പിലാക്കുന്നു എന്നും ഈ സമിതി ഉറപ്പുവരുത്തും.

നമ്മുടെ രാജ്യത്തെ മദ്ധ്യവർഗ്ഗത്തിന്റേയും, പാവപ്പെട്ടവരുടേയും സാമ്പത്തിക സ്ഥിതിയേയും സുരക്ഷയേയും ഈ മഹാവ്യാധി ആഴത്തിൽ മുറിവേല്പിക്കും എന്നത് വ്യക്തമാണ്. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയോടും സമൂഹത്തിലെ ഉയർന്ന വരുമാനം ഉള്ളവരോടും അവർക്ക് സേവനങ്ങൾ നൽകുന്നവരുടെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് മതിയായ പരിഗണന സാധ്യമാകുന്ന എല്ലാവിധത്തിലും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. വരും ദിവസങ്ങളിൽ ഈ ആളുകൾക്ക് നിങ്ങളുടെ ഓഫീസിലോ വീടുകളിലോ എത്താൻ സാധിച്ചു എന്ന് വരില്ല. അത്തരം സാഹചര്യം ഉണ്ടായാൽ അവരോട് സഹാനുഭൂതിയും മാനുഷികപരിഗണയും കാണിക്കണം അവരുടെ ശംബളത്തിൽ കുറവ് വരുത്തരുത്. അവർക്കും അവരുടെ കുടുംബത്തെ 
പരിപാലിക്കേണ്ടതുണ്ടെന്നും അസുഖങ്ങൾ വരാതെ സംരക്ഷിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കണം. 

മരുന്നുകൾ അവശ്യവസ്തുക്കൾ പാൽ എന്നിവയ്ക്ക് ഒരു വിധത്തിലുമുള്ള ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. അതുകൊണ്ട് അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതെ സാധാരണ പോലെ സാധനങ്ങൾ വാങ്ങമെന്ന് എല്ലാ ഇന്ത്യക്കാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. 

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടുമാസമായി രാജ്യം നേരിടുന്ന ഈ പ്രതിസന്ധി 130 കോടി ഇന്ത്യക്കാരിൽ ഓരോരുത്തരും സ്വന്തം പ്രതിസന്ധിയായി കണ്ട് രാജ്യത്തിനു സമൂഹത്തിനും വേണ്ടി 
ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. വരും കാലത്തും നിങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിങ്ങൾ ഇതേ പോലെ തുടർന്നും ചെയ്യുമെന്ന പൂർണ്ണവിശ്വാസം എനിക്കുണ്ട്. 

ഇത്തരം ഘട്ടങ്ങളിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു, ആശങ്കളും ഊഹാപോഹങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷം ആണുള്ളത്. പൗരന്മാർ എന്ന നിലയിൽ ഉള്ള നമ്മുടെ പ്രതീക്ഷകളും പല സമയത്തും നിറവേറ്റപ്പെടാതെ പോകുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി വളരെ വിഷമംപിടിച്ചതാകയാൽ ഓരോ പൗരന്മാരും എല്ലാ വിഷമസന്ധികളിലും ഉറച്ച തീരുമാനത്തോടേയും നിശ്ചയദാർഢ്യത്തോടേയും അതിനെ നേരിടണം.

സുഹൃത്തുക്കളെ,

നമ്മുടെ മുഴുവൻ ശേഷിയും കഴിവുകളും കൊറോണ വൈറസിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനു വേണ്ടി നമ്മൾ പ്രയോജനപ്പെടുത്തണം. ആഗോളവ്യാപകമായ ഈ പകർച്ചവ്യാധിയെ നേരിടുന്നതിനു കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും പഞ്ചായത്തുകളും ജനപ്രതിനിധികളും സാമൂഹ്യസംഘടനകളും അവരാലാകുന്ന എല്ലാ സംഭാവനകളും ചെയ്യുന്നുണ്ട്. നിങ്ങളും നിങ്ങളാൽ ആവുന്നതെല്ലാം ചെയ്യണം.

ഈ ലോകവ്യാപകമായ പകർച്ചവ്യാധിയുടെ അവസ്ഥയിൽ മാനുഷ്യത്വം വിജയിക്കണം ഇന്ത്യ വിജയിക്കണം എന്നത് അത്യന്തം ആവശ്യമാണ്.

നവരാത്രി മഹോത്സവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരുകയാണ്. ഇത് ശക്തിയെ ഉപാസിക്കുന്ന ഉത്സവമാണ്. ഇന്ത്യ പൂർണ്ണശക്തിയോടെ, പൂർണ്ണ ഊർജ്ജത്തോടെ മുന്നോട്ട് പോകണം എന്നതാണ് നിങ്ങൾ ഏവർക്കുമുള്ള എന്റെ ആത്മാർത്ഥമായ ആശംസ. 

വളരെ അധികം നന്ദി. 

No comments:

Post a Comment

Please share your comments and feedback about this post